കേരളത്തിലെ പഞ്ചായത്തുകളുടെ അക്കൗണ്ടിംഗ് അക്രൂവല്‍ അടിസ്ഥാനത്തിലേക്കു മാറ്റുന്നതിന് സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുകയാണ്. ഇതിന്റെ ഭാഗമായി നാഷണല്‍ മുനിസിപ്പല്‍ അക്കൗണ്ട്സ് മാന്വലിനെ മാതൃകയാക്കി കേരള പഞ്ചായത്ത് രാജ് അക്കൗണ്ട്സ് ചട്ടങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. (28.03.2011 ലെ SRO നമ്പര്‍ 266/2011 നമ്പര്‍ വിജ്ഞാപനം).
പഞ്ചായത്തുകളുടെ അക്കൗണ്ടിംഗ് കംപ്യൂട്ടര്‍വല്‍ക്കരിക്കുന്നതിന്റെ ഭാഗമായി കേരള പഞ്ചായത്ത് രാജ് അക്കൗണ്ട്സ് ചട്ടങ്ങളെ അടിസ്ഥാനമാക്കി ഇന്‍ഫര്‍മേഷന്‍ കേരള മിഷന് വികസിപ്പിച്ചെടുത്ത ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയറാണ് "സാംഖ്യ - കെ.പി. ആര് എ ആര്". "സാംഖ്യ-കെ.പി ആര് എ ആര്" ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയറിന്റെ പ്രവര്‍ത്തനരീതി പഠിക്കുന്നതിനു മുന്നോടിയായി ഡബിള്‍ എന്‍ട്രി അക്കൗണ്ടിംഗ് സമ്പ്രദായം എന്താണെന്നും കേരള പഞ്ചായത്ത് രാജ് അക്കൗണ്ട്സ് ചട്ടങ്ങളില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന രീതികള്‍ എന്തെല്ലാമാണെന്നും മിതമായ തോതിലെങ്കിലും അറിഞ്ഞിരിക്കേണ്ടതാണ്. അക്കൗണ്ടിംഗിനെപ്പറ്റി യാതൊരു അടിസ്ഥാനധാരണയും ഇല്ലാത്തവര്‍ക്കു പോലും ഡബിള്‍ എന്‍ട്രി അക്കൗണ്ടിംഗിനെപ്പറ്റിയും കേരള പഞ്ചായത്ത് രാജ് അക്കൗണ്ട്സ് ചട്ടങ്ങളെപ്പറ്റിയും സാമാന്യജ്ഞാനം ലഭിക്കത്തക്ക രീതിയില്‍ തയ്യാറാക്കിയിട്ടുള്ളതാണ് ഈ പുസ്തകത്തിന്റെ ഒന്നാം ഭാഗം.
അക്കൗണ്ടിംഗ് പഠിച്ചിട്ടില്ലാത്തവര്‍ക്കും സുഗമമായി ഉപയോഗിക്കാന്‍ സാധിക്കണമെന്ന ലക്ഷ്യത്തോടെയാണ് ڇസാംഖ്യڈ സോഫ്റ്റ്വെയര് രൂപകല്പന ചെയ്തിട്ടുള്ളത്. പഞ്ചായത്തുകളില്‍ വിന്യസിച്ചിട്ടുള്ള മറ്റു ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയറുകളായ സഞ്ചയ, സ്ഥാപന, സുലേഖ, സേവന, സൂചിക, സങ്കേതം, സചിത്ര, സുഗമ തുടങ്ങിയവയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടും അവയ്ക്ക് വിവരങ്ങള്‍ കൈമാറിക്കൊണ്ടും അവയുമായി ഒത്തുചേര്‍ന്നായിരിക്കും സാംഖ്യയുടെ പ്രവര്‍ത്തനം. റസീറ്റ് വൗച്ചര്‍, പേയ്മെന്റ ് വൗച്ചര്‍, ജേണല്‍ വൗച്ചര്‍, കോണ്ട്രാ വൗച്ചര്‍ എന്നീ നാലു സ്ക്രീനുകള്‍ മാത്രം പ്രധാനമായി ഉപയോഗിച്ചു
കഴിഞ്ഞാല്‍ ബാലന്‍സ് ഷീറ്റ് വരെയുള്ള എല്ലാ റിപ്പോര്‍ട്ടുകളും ഓരോ മൗസ് ക്ലിക്കില്‍ ലഭ്യമാകും. ഈ പ്രക്രിയ ലളിതമായി രണ്ടാം ഭാഗത്ത് വിവരിച്ചിരിക്കുന്നത് ശ്രദ്ധിക്കുമല്ലോ.
സാംഖ്യ ആപ്ലിക്കേഷന്‍ രൂപകല്‍പ്പനയിലും, അതിന്റെ വിന്യാസത്തിലും ഈ പ്രവര്‍ത്തനസഹായി തയ്യാറാക്കുന്നതിലും വിലപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സഹായവും നല്കിയ എല്ലാവരോടുമുള്ള കൃതജ്ഞത രേഖപ്പെടുത്തുന്നു. ഉപയോക്താക്കള്‍ക്ക് വിലപ്പെട്ട സഹായമായിരിക്കും ഈ പുസ്തകമെന്ന് പ്രത്യാശിക്കുന്നു.
ഡോ. എം. ഷംസുദ്ദീന്
എക്സിക്യൂട്ടീവ് ചെയര്മാന് & ഡയറക്ടര്‍
ഇന്‍ഫര്‍മേഷന്‍ കേരള മിഷന്
12/08/2011