സചിത്ര പ്രവര്‍ത്തന സഹായി - വെര്‍ഷന്‍ 1.0

1996 ല്‍ ജനകീയാസൂത്രണത്തിന്‍റെ ആവീര്‍ഭാവത്തോടെ സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ പ്രാദേശിക വികസനത്തിന്‍റെ സിരാകേന്ദ്രങ്ങളായിമാറി. തന്മൂലം തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് വിപുലമായ ഭരണസാമ്പത്തിക അധികാരങ്ങള്‍ ലഭിക്കുകയുണ്ടായി. ഇതോടൊപ്പം സംസ്ഥാന സര്‍ക്കാരിന്‍റെ വിവിധ വകുപ്പുകളുടെ നിയന്ത്രണത്തില്‍ ആയിരുന്ന സ്ഥാപനങ്ങളും അവയുടെ ആസ്തികളും വിവധ

തട്ടുകളിലുള്ള തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറി. തനത് ആസ്തികളുടേയും സംസ്ഥാന സര്‍ക്കാരില്‍നിന്നും കൈമാറ്റം ചെയ്ത്കിട്ടിയ സ്ഥാപനങ്ങളുടെ ആസ്തിയുടേയും മേല്‍നോട്ടവും പരിപാലനവും തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രധാന പ്രവര്‍ത്തനങ്ങളില്‍ ഒന്നായി മാറി. 

കൃത്യമായ സൂക്ഷിപ്പ്, പരിപാലനം, നടത്തിപ്പ് എന്നിവ കൈമാറ്റം ചെയ്യണമെങ്കില്‍ ആസ്തികളുടെ കൂടെ പകര്‍ന്നതായ വിവരങ്ങളും അവസ്ഥയും സംബദ്ധിച്ച റിപ്പോര്‍ട്ട് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് അത്യന്താപേക്ഷിതമാണ്. ഈ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ 2005 ല്‍ ഭരണനവീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി

കിലയുടെ മേല്‍നോട്ടത്തില്‍ നാഷണല്‍ സര്‍വ്വീസ് സ്കീം വാളണ്ടിയര്‍മാരുടെ സഹായത്തോടെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ ആസ്തി സംബദ്ധമായ കണക്കെടുപ്പ് നടത്തുകയുണ്ടായി. നിശ്ചയിക്കപ്പെട്ട 10 ഫാറങ്ങളില്‍ ശേഖരിച്ച വിവരം ആസ്തി രജിസ്റ്ററുകള്‍ക്കായി സൂക്ഷിക്കപ്പെട്ടു.

മുകളില്‍ പറഞ്ഞപ്രകാരം ശേഖരിച്ച വിവരങ്ങള്‍ കില, ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍, കുടുംബശ്രീ എന്നിവരുടെ സംയുക്ത പ്രവര്‍ത്തനത്തിലൂടെ ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ വികസിപ്പിച്ചെടുത്ത സചിത്ര ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ഡിജിറ്റല്‍ രേഖകളാക്കി മാറ്റി, തദ്ദേശഭരണസ്ഥാപനത്തിലെ ഉത്തരവാദിത്തപ്പെട്ട ജീവനക്കാര്‍ അസ്സല്‍ രജിസ്റ്ററുകളുമായി ഒത്തുനോക്കി അപാകതകള്‍ ഉണ്ടെങ്കില്‍ തിരുത്തി വിട്ടിട്ടുള്ളവ കൂട്ടിചേര്‍ത്ത് ഇതിനെ ഒരു ഡിജിറ്റല്‍ രജിസ്റ്ററുകളാക്കി മാറ്റേണ്ടിയിരിക്കുന്നു. 

2005 നു ശേഷം ആര്‍ജ്ജിച്ച ആസ്തികള്‍, നിലവിലുള്ള ആസ്തികളില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍ എന്നിവ കൂട്ടിച്ചേര്‍ത്ത് ഈ ഡിജിറ്റല്‍ രജിസ്റ്ററിനെ കാലോചിതമായി ഒരു അസറ്റ് മാനേജ്മെന്‍റ് ഉപകരണമാക്കി ഉപയോഗിക്കേണ്ടിയിരിക്കുന്നു. മാത്രമല്ല കാലാകാലങ്ങളില്‍ വരുന്ന ആസ്തി സംബദ്ധമായ മാറ്റങ്ങള്‍ ഡിജിറ്റല്‍ രജിസ്റ്ററില്‍ വരുത്തേണ്ടതാണ്.

തദ്ദേശഭരണസ്ഥാപനങ്ങളില്‍ ഡബിള്‍ എന്‍ട്രി അകൗണ്ടിംഗ് സംബ്രദായം നടപ്പാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചുവരികയാണ്. അതിനും ആസ്തി സംബദ്ധമായ പൂര്‍ണ്ണ വിവരങ്ങളും അവയുടെ മൂല്യവും ആവശ്യമാണ്. 

തദ്ദേശഭരണ സ്ഥാപനങ്ങളില്‍ വിന്യസിക്കപ്പെട്ടിട്ടുള്ള മറ്റു കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ ആപ്ലിക്കേഷനുകളുമായി സചിത്രയും സംയോജിപ്പിക്കേണ്ടതുണ്ട്. തദ്ദേശഭരണ തലത്തിലും, ജില്ലാ സംസ്ഥാനതലത്തിലും ആസ്തി സംബദ്ധമായ വിവധ റിപ്പോര്‍ട്ടുകള്‍ ഭരണനിര്‍വ്വഹണത്തിനും ആസ്തി രൂപീകരണത്തിനും ആവശ്യമാണ്. 

മുകളില്‍ വിശദീകരിച്ചിരിക്കുന്ന ലക്ഷ്യങ്ങള്‍ എല്ലാം ഉള്‍ക്കൊണ്ട് സമഗ്രമായ ഒരു അസറ്റ്മാനേജ്മെന്‍റ് ഉപകരണമായി തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനുവേണ്ടി വികസിപ്പിച്ചെടുത്തിട്ടുള്ള സചിത്ര സോഫ്റ്റ്വെയര്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങളാണ് ഈ കൈപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 

തദ്ദേശഭരണസ്ഥാപനങ്ങളിലെ എഞ്ചിനീയര്‍മാരാണ് ഈ സോഫ്റ്റ്വെയറിന്‍റെ പ്രധാന ഉപഭോക്താക്കളായി നിശ്ചയിക്കപ്പെട്ടിട്ടുള്ളത്.

File attachments: