2011-2012 സാമ്പത്തിക വര്‍ഷത്തില്‍ പടിപടിയായിട്ടാണ് ഈ സമ്പ്രദായം കേരളത്തിലെ പഞ്ചായത്തുകളില്‍ നടപ്പാക്കുന്നത്. പഞ്ചായത്തില്‍ ഏത് ദിവസം സാംഖ്യയിലെ പ്രവര്‍ത്തനം ആരംഭിച്ചാലും 2011 ഏപ്രില്‍ ഒന്നു മുതലുള്ള കണക്കുകള്‍ സാംഖ്യയില്‍ രേഖപ്പെടുത്തിയിരിക്കും. മാത്രമല്ല മുഴുവന്‍ അക്കൗണ്ടിംഗ് പ്രവര്‍ത്തനങ്ങളും ഓണ്‍ലൈന്‍ ആയി നടത്തുകയും ചെയ്യും. ഇതിനായി താഴെപ്പറയുന്ന ദ്വിമുഖ സമീപനമായിരിക്കും സ്വീകരിക്കുക.
സാംഖ്യ രൂപകല്‍പ്പന ചെയ്തിരിക്കുന്നത് 2011 ലെ പഞ്ചായത്ത് (അക്കൗണ്ട്സ്) ചട്ടങ്ങള്‍ പ്രകാരമാണ്. ഈ ചട്ടങ്ങള്‍ക്ക് ആധാരം അക്രൂവല്‍ അടിസ്ഥാനത്തിലുള്ള ഡബിള്‍ എന്‍ട്രി അക്കൗണ്ടിംഗ് സമ്പ്രദായമാണ്. അക്രൂവല്‍ അക്കൗണ്ടിംഗിനെപ്പറ്റിയും അക്കൗണ്ട്സ് ചട്ടങ്ങളെപ്പറ്റിയും ഒന്നാം ഭാഗത്ത് പ്രതിപാദിച്ചു കഴിഞ്ഞു. പഞ്ചായത്തില്‍ സംഭവിക്കുന്ന ഓരോ ധനകാര്യ ഇടപാടും സാംഖ്യയില്‍ എങ്ങനെ രേഖപ്പെടുത്തുന്നു എന്ന് രണ്ടാം ഭാഗത്ത് ഉദാഹരണ സഹിതം വിവരിക്കുന്നു.
സാംഖ്യ ഓണ്‍ലൈന്‍ ആയി പ്രവര്‍ത്തിക്കുന്ന ദിവസം മുതല്‍ വര്‍ഷാന്ത്യം വരെ കംപ്യൂട്ടറില്‍ രേഖപ്പെടുത്തേണ്ട ധനകാര്യ ഇടപാടുകളെ നാലായി തരം തിരിക്കാം.